അൽഖിയാമഃ(16-19)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*75. അൽഖിയാമഃ ( ഉയിര്‍ത്തെഴുന്നേല്‍പ്പ്)*
*അൽഖിയാമഃ(16-19)*
*(16)لَا تُحَرِّكۡ بِهِۦ لِسَانَكَ لِتَعۡجَلَ بِهِۦٓ*
*(17)إِنَّ عَلَيۡنَا جَمۡعَهُۥ وَقُرۡءَانَهُۥ*
*(18)فَإِذَا قَرَأۡنَٰهُ فَٱتَّبِعۡ قُرۡءَانَه*ُۥ
*(19)ثُمَّ إِنَّ عَلَيۡنَا بَيَانَهُۥ*
*(16) നീ അത് ( ഖുര്‍ആന്‍ ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.*
*(17) തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.*
*(18) അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.*
*(19) പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.*
📝 *തഫ്സീർ (വിശദീകരണം)*
👉 നബി തിരുമേനി ﷺക്കു വളരെ ആശ്വാസപ്രദമായ ഒരു ഉപദേശമാണ് ഈ വചനങ്ങളില്‍ അല്ലാഹു നല്‍കുന്നത്. സൂഃ ത്വാഹ 114ന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതു പോലെ, ജിബ്രീല്‍(അ) ഖുര്‍ആന്‍റെ വഹ് യുമായി വരുമ്പോള്‍, അദ്ദേഹം സ്ഥലം വിടുന്നതിനു മുമ്പുതന്നെ അതു മനഃപാഠമാക്കുവാനും, മറന്നുപോകാതിരിക്കുവാനും വേണ്ടി തിരുമേനി അതു ധൃതിയില്‍ നാവിളക്കി ചൊല്ലി ക്കൊണ്ടിരിക്കുമായിരുന്നുവെന്നും, ഇതു സംബന്ധിച്ചാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നും ബുഖാരിയും മുസ്ലിമും മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ സാഹസപ്പെടേണ്ടതില്ലെന്നും അതു മനസ്സില്‍ സമാഹരിച്ച് ഉറപ്പിച്ചുതരലും വേണ്ടതുപോലെ പാരായണം ചെയ്തുതരലും നമ്മുടെ ബാധ്യതയാണെന്നും, ഓതിത്തരുമ്പോള്‍ അതു ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ മതിയെന്നും അല്ലാഹു നബി ﷺയെ ഉണര്‍ത്തുന്നു. മാത്രമല്ല, അവതരിപ്പിച്ചുതരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്കു ആവശ്യമായ വിവരണവും വ്യാഖ്യാനവും നല്‍കലും അല്ലാഹുവിന്‍റെ ബാധ്യത തന്നെയാണെന്നുകൂടി ഉണര്‍ത്തിയിരിക്കുന്നു. ബുഖാരിയുടെ രിവായത്തില്‍, ഈ വചനങ്ങള്‍ അവതരിച്ചതിനു ശേഷം, പിന്നീടു ജിബ്രീല്‍(അ) വരുമ്പോള്‍ തിരുമേനി തലതാഴ്ത്തി ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും, അദ്ദേഹം പോയാല്‍ അല്ലാഹു വാഗ്ദത്തം ചെയ്തതു പോലെ അവിടുന്ന് അതു ഓതികേള്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു.
അതിനെ സമാഹരിച്ചുതരല്‍ നമ്മുടെ ബാധ്യതയാണ് (إِنَّ عَلَيْنَا جَمْعَهُ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അപ്പപ്പോള്‍ അവതരിക്കുന്ന വചനങ്ങള്‍ മറന്നുപോകാതിരിക്കത്തക്കവണ്ണം നബി ﷺയുടെ ഹൃദയത്തില്‍ അപ്പപ്പോള്‍ തന്നെ ഉറപ്പിച്ചു പാഠമാക്കിക്കൊടുക്കുന്നു എന്നത്രെ. മുസ്ഹഫുകളില്‍ ഇന്ന് ഈ കാണുന്നവിധത്തില്‍ ഖുര്‍ആനിന്‍റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ക്രോഡീകരണമല്ല ഇതുകൊണ്ടുദ്ദേശ്യം എന്നു വ്യക്തമാണ്. (ഈ ക്രോഡീകരണത്തെപ്പറ്റി മുഖവുരയില്‍ വിവരിച്ചു പറഞ്ഞിട്ടുമുണ്ട്.) ഖുര്‍ആന്‍ വിവരിക്കുന്നതിന്‍റെ ബാധ്യതയും അല്ലാഹുവിന്നാണ് (ثُمَّ إِنَّ عَلَيْنَا بَيَانَهُ) എന്നു പറഞ്ഞുവല്ലോ. ഈ വാഗ്ദാനം നിറവേറ്റപ്പെടുന്നതു പ്രധാനമായും രണ്ടു പ്രകാരത്തിലായിരിക്കും.
(1) ചില വചനങ്ങളില്‍ സംക്ഷിപ്തമായോ, സൂചനയായോ, വ്യംഗ്യമായോ മറ്റോ പ്രസ്താവിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ മറ്റു ചില വചനങ്ങള്‍ മുഖേന വ്യക്തമായും വിശദമായും വിവരിച്ചുകൊടുക്കുക, ഖുര്‍ആന്‍റെ ചില വശങ്ങള്‍ ചില വശങ്ങള്‍ക്കു വ്യാഖ്യാനം നല്‍കുന്നുവെന്നു പറയുന്നതിന്‍റെ സാരം ഇതാണ്.
(2) ഖുര്‍ആന്‍ വചനങ്ങള്‍ മുഖേനയല്ലാതെ – അഥവാ വഹ്‍യിന്‍റെ പല ഇനങ്ങളില്‍പെട്ട ഏതെങ്കിലും ഒരിനം മുഖേന- ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കുക. നബി തിരുമേനി ﷺയുടെ വചനങ്ങളിലൂടെയും ചര്യകളിലൂടെയും ഇതു നമുക്കു ലഭിക്കുന്നു. തിരുമേനിയുടെ സുന്നത്തുകള്‍ ഖുര്‍ആന്‍റെ വ്യാഖ്യാനമാണെന്നു പറയുന്നതിന്‍റെ ഉദ്ദേശ്യം ഇതാണ്.
ഖിയാമത്തുനാളിനെയും, അതിനെ നിഷേധിക്കുന്നവരെയും കുറിച്ചായിരുന്നുവല്ലോ മുന്‍ ആയത്തുകളിലെ സംസാരം. ഇടക്കുവെച്ചു നബി ﷺക്കു ചില ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. ഒരു പക്ഷേ ഈ സ്ഥാനത്തു വെച്ചുതന്നെ ഈ ഉപദേശം നല്‍കേണ്ടുന്ന പ്രത്യേക സന്ദര്‍ഭം നേരിട്ടിരുന്നുവെന്നും വരാം. അതുകൊണ്ടായിരിക്കാം ഇവിടെവെച്ചു തന്നെ അക്കാര്യം ഉണര്‍ത്തിയത്. അല്ലാഹുവിനറിയാം. ഏതായാലും അടുത്ത വചനങ്ങളില്‍ മുന്‍ സംസാരവിഷയം തന്നെ തുടരുന്നു:-
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment