*അൽമുസ്സമ്മിൽ(01-04)*

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*73. അൽമുസ്സമ്മിൽ (

*അൽമുസ്സമ്മിൽ(01-04)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*(01)يَٰٓأَيُّهَا ٱلۡمُزَّمِّلُ*
*(02)قُمِ ٱلَّيۡلَ إِلَّا قَلِيلًا*
*(03)نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا*
*(04)أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا*

*(01) ഹേ, വസ്ത്രം കൊണ്ട്‌ മൂടിയവനേ*

*(02) രാത്രി അല്‍പസമയം ഒഴിച്ച്‌ എഴുന്നേറ്റ്‌ നിന്ന്‌ പ്രാര്‍ത്ഥിക്കുക.*

*(03) അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.*

*(04) അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.*

📝 *തഫ്സീർ (വിശദീകരണം)*



👉      المزمل (വസ്ത്രമിട്ടു മൂടിയവന്‍) എന്ന് നബി തിരുമേനി ﷺയെ സംബോധന ചെയ്തതിനു ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു . 


   1. വഹ്‌യിന്‍റെ ആരംഭ കാലത്ത് ജിബ്‌രീല്‍ (അ) വഹ്‌യും കൊണ്ട് വന്നപ്പോള്‍ നബി ﷺക്ക്‌ ഭയം തോന്നുകയും വീട്ടിൽ വന്നു 'വസ്ത്രമിട്ട് മൂടിത്തരുവിന്‍, പുതപ്പിട്ടു തരുവീന്‍ ( زملوني دثروني )' എന്ന് അവിടുന്ന്‍ പറയുകയും ഉണ്ടായി. അങ്ങനെയുള്ള അവസരത്തില്‍ ആയിരുന്നു ഈ വചനങ്ങള്‍ അവതരിച്ചത്. 


   2. പ്രവാചകത്വം (നുബുവ്വത്ത്) ആകുന്ന വസ്ത്രത്താല്‍ ആവരണം ചെയ്യപ്പെടുകയും ദിവ്യദൗത്യം (രിസാലത്) ആകുന്ന ഭാരം ഏല്‍പിക്കപ്പെടുകയും ചെയ്ത ആള്‍ എന്നാണ് വിവക്ഷ. 


   3. രാത്രി വസ്ത്രമിട്ട് പുതച്ചു കിടന്നു ഉറങ്ങിയാല്‍ പോരാ, എഴുന്നേറ്റ് നമസ്കാരത്തില്‍ മുഴുകേണ്ടതുണ്ട് എന്ന സൂചനയാണത്. 


   4. ഖുറൈശികള്‍ നബി ﷺ യെ കുറിച്ച് കവിയാണ് എന്നും, പ്രശ്നക്കാരനാണെന്നും ഭ്രാന്തന്‍ ആണെന്നും ഒക്കെ പറഞ്ഞു കേട്ടപ്പോള്‍ തിരുമേനിﷺ (വ്യസനം നിമിത്തം) വീട്ടില്‍ ചെന്ന് വസ്ത്രം മൂടിപ്പുതച്ചു കിടക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ആയിരുന്നു ഇത് അവതരിച്ചത്. 


   പ്രവാചകത്വത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിച്ച സൂറത്തുകളില്‍ പെട്ടതാണ് ഈ സൂറത്ത്. അന്ന് അഞ്ചു നേരത്തെ നമസ്കാരം നിയമം ആക്കപ്പെട്ടിരുന്നില്ല. അതിനു മുമ്പാണ് ഈ കല്‍പന. രാത്രിയുടെ ഏതാണ്ട് പകുതി സമയം – അൽപം കുറവോ കൂടുതലോ ആയാലും വിരോധമില്ല – എഴുന്നേറ്റ് നമസ്കരിക്കണം എന്ന് ഇതുമൂലം അല്ലാഹു നബിﷺയോട് കൽപിച്ചിരിക്കുന്നു. അഞ്ചു നമസ്കാരം നിയമം ആക്കപ്പെടുന്നത് വരെ രാത്രി നമസ്കാരം നിര്‍വഹിക്കല്‍ പൊതുവില്‍ എല്ലാവര്‍ക്കും നിര്‍ബന്ധമായിരുന്നുവോ. അതല്ല, നബിﷺ ക്കു മാത്രം നിര്‍ബന്ധമായിരുന്നുവോ  എന്നുള്ളതില്‍ ഭിന്നാഭിപ്രായം കാണാം. ഏതായാലും പിന്നീട് ഈ നമസ്കാരം നിര്‍ബന്ധമല്ലെന്നും, അതേസമയത്ത് രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് അല്‍പമെങ്കിലും നമസ്കരിക്കല്‍ – അഥവാ 'തഹജ്ജുദ്' നമസ്കാരം – വളരെ പ്രധാനപ്പെട്ട ഒരു പുണ്യകര്‍മമാണെന്നുള്ളതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. ( മുസ്‌ലിം നാമധാരികളായ ചില തിരുത്തല്‍ വാദികള്‍ക്ക് ഒഴികെ ) രാത്രി നമസ്കാരത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ഖുര്‍ആനിലും ഹദീഥിലും ധാരാളം ഊന്നിപറഞ്ഞിട്ടുള്ളത് ആണ്. (സജദ:16; ഫുര്‍ക്വാന്‍: 64; ദാരിയാത്ത്: 17,18 മുതലായവയും വിവരണവും നോക്കുക). 


    നമസ്കാരകര്‍മത്തിന്‍റെ പ്രധാന ഘടകങ്ങളാണല്ലോ നിറുത്തം, ഖുർആന്‍ പാരായണം, റുകുഅ്, സുജൂദ് എന്നിവയെല്ലാം. അതുകൊണ്ട് നമസ്കാരത്തെ ഉദ്ദേശിച്ച് ഈ വാക്കുകള്‍ ഉപയോഗിക്കാറുണ്ടെന്നു നാം ഇതിനു മുമ്പ് ചിലപ്പോഴെല്ലാം ഉണര്‍ത്തുക ഉണ്ടായിട്ടുണ്ട്. ഇവിടെ قُمِ اللَّيْلَ ( രാത്രി എഴുന്നേല്‍ക്കുക ) എന്നും, 20-ാം വചനത്തില്‍ تَقُومُ ( നീ എഴുന്നേല്‍ക്കുന്നു ) എന്നും പറഞ്ഞിരിക്കുന്നത് എഴുന്നേറ്റ് നമസ്കരിക്കുക എന്ന അര്‍ത്ഥത്തില്‍ ആണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ പാരായണം നമസ്കാരത്തിലെ ഒരു പ്രധാന ഭാഗമാണെന്ന പോലെ തന്നെ, ഖുര്‍ആന്‍ പാരായണത്തിനു ഏറ്റവും പറ്റിയ അവസരം നമസ്കാരവും അത്രെ. അത് കൊണ്ട് നമസ്കാരത്തെ പറ്റി പ്രസ്താവിച്ചതിനെ തുടര്‍ന്ന്‍ ഖുര്‍ആന്‍ പാരായണം എപ്രകാരം ആയിരിക്കണം എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. 


    تَرْتِيل (തര്‍ത്തീല്‍) എന്നാല്‍, അക്ഷരങ്ങള്‍ വ്യക്തമാക്കിയും വാക്കുകള്‍ മുറിച്ചു മുറിച്ചും, വാചകങ്ങള്‍ നിറുത്തി നിറുത്തിയും കൊണ്ട് സാവകാശ രൂപത്തില്‍ നന്നാക്കി വായിക്കുക – അല്ലെങ്കില്‍ സംസാരിക്കുക –എന്നര്‍ത്ഥം ആകുന്നു. ഖുര്‍ആന്‍ തര്‍ത്തീലാക്കി ഓതണമെന്ന കല്‍പന വളരെ അര്‍ത്ഥവത്തായ ഒരു കല്‍പനയാണ്. ഓതുന്നവന് അതിന്‍റെ അര്‍ത്ഥവും ആശയവും, സൂചനകളും എല്ലാം ഓര്‍മ്മിക്കുവാനും അവ മനസ്സില്‍ പതിയുവാനും അവയെ പറ്റി ഉറ്റാലോചിക്കുവാനും അത് വളരെ ഉപകരിക്കുന്നു. അങ്ങനെ ഉള്ള ഓത്ത് കേള്‍ക്കുന്നവര്‍ക്കും അത് ഫലം ചെയ്യും. ഖുര്‍ആനിനോടുള്ള ആദരവും ഭക്തിയും പ്രകടിപ്പിക്കലും കൂടിയാണത്. സാധാരണ വായനകളിലും, സംസാരങ്ങളിലും പോലും ഉച്ചാരണ ശുദ്ധി കൂടാതെയും അക്ഷരവ്യക്തത കൂടാതെയും ധൃതിയില്‍ ഉരുവിടുന്ന സമ്പ്രദായം അനഭിലഷണീയമാണല്ലോ. 


  ഖുര്‍ആനിന്‍റെ വായനാരൂപങ്ങളും മര്യാദകളും വിഷയമാക്കി കൊണ്ടുള്ള ഒരു പ്രത്യേക ശാസ്ത്രം തന്നെ ഇസ്‌ലാമില്‍ ഉണ്ട്. അതിന്‍റെ പ്രാധാന്യത്തെ ഈ വചനം ചൂണ്ടിക്കാണിക്കുന്നു . علم التجويد ( ഇൽമുത്തജ്‌വീദ് അഥവാ വായന നന്നാക്കുന്ന ശാസ്ത്രം ) എന്ന പേരില്‍ അത് അറിയപ്പെടുന്നു. നബി ﷺയില്‍ നിന്ന് സ്വഹാബികളും അവരില്‍ നിന്ന് പിന്നീടുള്ളവരും മുഖാമുഖമായും കര്‍ണ്ണാകര്‍ണ്ണികയായും കേട്ടു പഠിച്ച സമ്പ്രദായങ്ങളെ ഈ ശാസ്ത്രം പ്രതിനിധാനം ചെയ്യുന്നു. ഖുര്‍ആന്‍ പാരായണ മര്യാദകളെ പറ്റി പലതും മുഖവുരയില്‍ നാം വിവരിച്ചിട്ടുണ്ട്. അത് ഇവിടെ അനുസ്മരിക്കുന്നത് നന്നായിരിക്കും. സന്ദര്‍ഭോചിതമായ ചുരുക്കം ചില ഹദീഥുകള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം.


   1. നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്തിരുന്ന രീതിയെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ അനസ്(റ) ഇങ്ങിനെ മറുപടി പറഞ്ഞു: അത് നീട്ടി നീട്ടി കൊണ്ടായിരുന്നു. പിന്നീട് അനസ്(റ) ‘ബിസ്മില്ലാഹി‘ എന്നും ‘അര്‍-റഹ്മാനി’ എന്നും ‘അര്‍-റഹീം‘ എന്നും ഓരോന്നും നീട്ടിക്കൊണ്ട് ഓതി കേള്‍പ്പിച്ചു. (ബുഖാരി ). 


   2. ഉമ്മുസലമാ(റ) യോട് അതിനെക്കുറിച്ച് ചോദിച്ച ഒരാള്‍ക്ക് ഓരോ അക്ഷരവും വടിവോടെ വ്യക്തമായി ഉച്ചരിച്ചു കൊണ്ട് അവര്‍ ഓതി കൊടുക്കുകയുണ്ടായി. ( തി.ദാ .ന). 


   3. നബി ﷺ പറഞ്ഞിരിക്കുന്നു: നിങ്ങളുടെ ശബ്ദങ്ങള്‍ കൊണ്ട് ക്വുര്‍ആനിനെ അലങ്കരിക്കുവീന്‍. (അ .ദാ ). 


   4. ത്വാഊസ് (റ) പറയുന്നു: ക്വുര്‍ആന്‍ പാരായണത്തില്‍ ശബ്ദം നല്ലവനും നന്നായി ഓതുന്നവനും എങ്ങിനെയുള്ള ആളായിരിക്കണം എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബിﷺ ഇങ്ങിനെ പറഞ്ഞു: 'ഏതൊരുവന്‍ ഓതുന്നത് കേട്ടാല്‍ അവന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് നിനക്ക് കാണാമോ അവനാണ്.' ( ദാരിമി).


   5.നബി ﷺപറയുന്നു: നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ഖുര്‍ആനോട്‌ ഇണക്കമായിരിക്കുമ്പോള്‍ നിങ്ങളത് പാരായണം ചെയ്യുവിന്‍. പൊരുത്തക്കേടാകുമ്പോള്‍ (വിരസത തോന്നുമ്പോള്‍) അതില്‍ നിന്ന് എഴുന്നേറ്റുപോയിക്കൊള്ളുവിന്‍. (ബു.മു.)

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚