മുർസലാത്ത്(01-07)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*77.മുർസലാത്ത് (അയക്കപ്പെടുന്നവർ)*
*മുർസലാത്ത്(01-07)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*(01)وَٱلۡمُرۡسَلَٰتِ عُرۡفًا*
*(02)فَٱلۡعَٰصِفَٰتِ عَصۡفًا*
*(03)وَٱلنَّٰشِرَٰتِ نَشۡرًا*
*(04)فَٱلۡفَٰرِقَٰتِ فَرۡقًا*
*(05)فَٱلۡمُلۡقِيَٰتِ ذِكۡرًا*
*(06)عُذۡرًا أَوۡ نُذۡرًا*
*(07)إِنَّمَا تُوعَدُونَ لَوَٰقِعٌ*
*(01)പതിവായി [തുടര്‍ച്ചയായി] അയക്കപ്പെടുന്നവ തന്നെയാണ (സത്യം)!*
*(02)അങ്ങനെ, (ഊക്കോടെയുള്ള) ഒരു അടിച്ചുവീശല്‍ വീശുന്നവ തന്നെയാണ (സത്യം)!*
*(03)പരത്തി വ്യാപിപ്പിക്കുന്നവയും തന്നെയാണ (സത്യം)!*
*(04)എന്നിട്ട് വേര്‍തിരിച്ച് വിവേചനം ചെയ്യുന്നവ തന്നെയാണ (സത്യം)!*
*(05)അങ്ങനെ, സന്ദേശം (അഥവാ ഉപദേശം) ഇട്ടുകൊടുക്കുന്നുവയാണ (സത്യം)!-*
*(06)അതായതു, ഒഴികഴിവ്, അല്ലെങ്കില്‍ മുന്നറിയിപ്പ് (ഇട്ടുകൊടുക്കുന്നവ)*
*(07)നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു) ചെയ്യപ്പെടുന്നതു സംഭവിക്കുന്നതുതന്നെയാകുന്നു.*
📝 *തഫ്സീർ (വിശദീകരണം)*
👉🏻സൂ: സ്വാഫ്ഫാത്ത്, സൂ: ദാരിയാത്ത് എന്നിവയില്‍ കണ്ടതുപോലെയുള്ള ചില സത്യവാചകങ്ങളാണ് ആദ്യത്തെ അഞ്ചു വചനങ്ങളില്‍ കാണുന്നത്. ഓരോന്നിലും പറയപ്പെട്ടിട്ടുള്ള വിശേഷണങ്ങളാല്‍ വിശേഷിപ്പിക്കപ്പെട്ട വസ്തു -അഥവാ അവകൊണ്ടു വിവക്ഷിക്കപ്പെട്ടിരിക്കുന്നത്– ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഇവിടെ വ്യഖ്യാതാക്കള്‍ക്ക് പല വ്യത്യസ്താഭിപ്രായങ്ങളും കാണാം.
(1) അഞ്ചു വചനങ്ങളിലും മലക്കുകളാണ് ഉദ്ദേശ്യമെന്നും.
(2) എല്ലാം കാറ്റിനെ ഉദ്ദേശിച്ചാണെന്നും.
(3) എല്ലാം നബിമാരെ ഉദ്ദേശിച്ചാണെന്നും.
(4) എല്ലാം ഖുര്‍ആന്‍ വചനങ്ങളെ ഉദ്ദേശിച്ചാണെന്നും.
(5) മലക്കുകള്‍, പ്രവാചകന്‍മാര്‍, സദ്‌വൃത്തരായ പണ്ഡിതന്‍മാര്‍ മുതലായവരെ ഉദ്ദേശിച്ചാണെന്നും.
(6) ആദ്യത്തെ മൂന്നു വചനങ്ങളും കാറ്റിനെ ഉദ്ദേശിച്ചും, പിന്നീടുള്ള രണ്ടും മലക്കുകളെ ഉദ്ദേശിച്ചുമാണെന്നും.
(7)അവസാനത്തേതുമാത്രം മലക്കുകളെ ഉദ്ദേശിച്ചും, ബാക്കി കാറ്റിനെയോ മറ്റോ ഉദ്ദേശിച്ചുമാണെന്നും അഭിപ്രായങ്ങള്‍ കാണാം. അല്ലാഹു പ്രസ്താവിച്ച വാക്കുകളുടെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പ്പെടുന്ന തരത്തില്‍ ഓരോ അഭിപ്രായക്കാരും അവരുടെ അഭിപ്രായത്തിനു വിശദീകരണവും നല്‍കിയിരിക്കുന്നു.
എന്നാല്‍, മുന്‍ഗാമികളായ മിക്ക മഹാന്‍മാരും സ്വീകരിച്ചുവരുന്നതും, സ്വഹാബികളില്‍നിന്നും താബിഉകളില്‍ നിന്നും പ്രമാണിക്കപ്പെടുന്നതും ഇവയില്‍ രണ്ടു അഭിപ്രായങ്ങളാകുന്നു. അതായതു എല്ലാറ്റിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകളാണെന്നും, ആദ്യത്തെ മൂന്നിലും കാറ്റും, ഒടുവിലത്തെ രണ്ടിലും മലക്കുകളുമാണെന്നും. ഈ രണ്ടു അഭിപ്രായങ്ങളില്‍ രണ്ടാമത്തേതാണ് കൂടുതല്‍ സ്വീകാര്യമായിത്തോന്നുന്നത്. കാരണം ഇബ്നുകഥീര്‍(റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ ആദ്യത്തെ മൂന്നു വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട ഗുണങ്ങള്‍ കാറ്റിന്‍റെ ഗുണങ്ങളായി വേറെ ഖുര്‍ആന്‍ വാക്യങ്ങളില്‍ പ്രസ്താവിക്കപ്പെട്ടു കാണാം. അവസാനത്തെ വചനങ്ങളില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകളാണെന്നു ഇബ്നുമസ്ഊദു, ഇബ്നുഅബ്ബാസ്, മസ്റൂഖ്, മുജാഹിദ്, ക്വത്താദഃ, റബീഉ്, സുദ്ദീ, ഥൗരീ (رضي الله عنهم) എന്നിവരില്‍ നിന്നു രിവായത്തുകള്‍ വന്നിട്ടുമുണ്ട്. മാത്രമല്ല, 5ഉം 6ഉം വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട വിശേഷത കാറ്റിന്‍റെതായി വ്യാഖ്യാനിക്കുവാന്‍ കുറച്ചു സാഹസപ്പെടേണ്ടതുമുണ്ട്. الله اعلم
അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്ന മഴയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്ന വിധത്തില്‍ അവന്‍ കാറ്റിനെ അയക്കുന്നു; അങ്ങനെ, അവ കനത്ത മേഘങ്ങളെ വഹിച്ചുകൊണ്ടുപോകുന്നു; എന്നിട്ടു നിര്‍ജീവമായി കിടക്കുന്ന നാട്ടിനു മഴ നനക്കുന്നു; അതുമൂലം എല്ലാ ഫലവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു എന്നൊക്കെ സൂറ:അഅ്റാഫ്, 57ല്‍ കാണാം. ഏതാണ്ടു ഇതേ പ്രകാരത്തിലുള്ള വിശേഷണങ്ങള്‍ കാറ്റിനെക്കുറിച്ചു വേറെ സ്ഥലങ്ങളിലും പറഞ്ഞു കാണാവുന്നതാണ്. ഏറെക്കുറെ ഈ ആശയം തന്നെയാണ് ഇവിടെയും കാറ്റുകളെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. 4ഉം 5ഉം വചനങ്ങളുടെ സാരം ഇപ്രകാരം പറയാം: സത്യാസത്യങ്ങള്‍ക്കും, ന്യായാന്യായങ്ങള്‍ക്കുമിടയില്‍ വിവേചനം എത്തിച്ചുകൊടുക്കുന്ന മലക്കുകളെകൊണ്ട് അവയില്‍ അല്ലാഹു സത്യം ചെയ്തിരിക്കുന്നു. കാറ്റിന്‍റെയും, മലക്കുകളുടെയും പേരില്‍ ശപഥം ചെയ്തതില്‍ അന്തര്‍ഭവിച്ച ഒരു തത്വം ഇതാണ്: കാറ്റുകള്‍ മനുഷ്യന്‍റെ ഐഹികവും, ശാരീരികവുമായ ജീവിതത്തിനും അഭിവൃദ്ധിക്കും ആവശ്യമാകുന്നു. എന്നാല്‍ കാറ്റിന്‍റെ പ്രവര്‍ത്തനവും ചലനങ്ങളും മനുഷ്യനു കാൺമാന്‍ കഴിയാത്തതാണ്. അതുപോലെ, മനുഷ്യന്‍റെ പാരത്രികവും, ആത്മീയവുമായ ജീവിതത്തിനും അഭിവൃദ്ധിക്കും ആവശ്യമായ ഒരു മഴ –ദൈവിക സന്ദേശങ്ങളാകുന്നു മഴ-യും, അതു കൊണ്ടുവരുന്ന അദൃശ്യ സൃഷ്ടികളായ മലക്കുകളും നിലവിലുണ്ട്. ഇവ രണ്ടും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളില്‍ പെട്ടതാണുതാനും.
വഹ്‍യിന്‍റെ വാഹകനായ മലക്ക് ജിബ്രീല്‍(അ) ആണെന്നിരിക്കെ, ഇവിടെ മലക്കുകളെപറ്റി ബഹുവചനരൂപത്തില്‍ പ്രസ്താവിച്ചതുകൊണ്ടു ആശയക്കുഴപ്പത്തിനവകാശമില്ല. അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ ഭൂമിയിലേക്കു എത്തിക്കുന്നതില്‍ വേറെ മലക്കുകള്‍ക്കും പങ്കുണ്ടെന്നു ഖുര്‍ആനില്‍നിന്നുതന്നെ വ്യക്തമായിട്ടുള്ളതാകുന്നു. പല മഹാന്‍മാരും പറയുന്നതുപോലെ, ജിബ്രീല്‍(അ) അവരുടെയെല്ലാം തലവനായിരിക്കാം. ഇബ്രാഹിം നബി (അ)ക്കു സന്തോഷവാര്‍ത്തയും, ലൂത്വ് നബി (അ)യുടെ ജനതക്കു ശിക്ഷവരാന്‍പോകുന്നുവെന്ന മുന്നറിയിപ്പും കൊണ്ടുവന്ന മലക്കുകള്‍ ഒന്നിലധികം പേരുണ്ടായിരുന്നുവല്ലോ. വഹ്‍യിന്‍റെ സംരക്ഷണാര്‍ത്ഥം മുമ്പിലും പിമ്പിലും അല്ലാഹു രക്ഷാസേനയെ അയക്കുമെന്നു സൂറ:ജിന്നിലും വന്നിരിക്കുന്നു.
ദൈവിക സന്ദേശങ്ങളില്‍ ശിക്ഷകളെക്കുറിച്ചുള്ള താക്കീതുകളും മുന്നറിയിപ്പുകളും അടങ്ങിയിരിക്കുമല്ലോ. അതുപോലെത്തന്നെ, പരലോകത്തുവെച്ച് തങ്ങള്‍ കുറ്റക്കാരല്ലെന്നും, തങ്ങള്‍ക്കു നേര്‍മാര്‍ഗം എന്താണെന്നു അറിവു കിട്ടിയിരുന്നില്ലെന്നും വാദിക്കുവാനുള്ള അവസരം അതുമൂലം അവിശ്വാസികള്‍ക്കു നഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവയെപ്പറ്റിعدرا أو ندرا (ഒഴികഴിവ് അല്ലെങ്കില്‍ താക്കീതു) എന്നു പറഞ്ഞിരിക്കുന്നത്.
എനി, അഞ്ചു സത്യവാചകങ്ങളിലും മലക്കുകളാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്നുവെക്കുമ്പോള്‍ ആദ്യത്തെ മൂന്നു വചനങ്ങളുടെ സാരം, ദൈവിക സന്ദേശങ്ങളുമായി തുടരെത്തുടരെ അയക്കപ്പെടുകയും, ഉടനെ അതിവേഗം ആ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന മലക്കുകളെക്കൊണ്ടു സത്യം ചെയ്യുന്നു എന്നായിരിക്കും. ഏതായാലും ഈ മഹത്തായ –അര്‍ത്ഥഗര്‍ഭമായ– സത്യവാചകങ്ങളെക്കൊണ്ടു സത്യംചെയ്തു ആല്ലാഹു ഉറപ്പിച്ചു പറയുന്ന വിഷയം എന്താണ്? അതത്രെ, ഏഴാം വചനത്തില്‍ കാണുന്നത്. അതെ, إِنَّمَا تُوعَدُونَ لَوَٰقِعٌ (നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതുതന്നെ) എന്ന്! പരലോകം, പുനര്‍ജീവിതം, അന്ത്യനാള്‍, രക്ഷാശിക്ഷകള്‍ ആദിയായവ സംഭവിക്കാനിരിക്കുന്നുവെന്ന ഉറപ്പായ വിശ്വാസമാണല്ലോ എല്ലാ നന്‍മയുടെയും അടിത്തറ. അടുത്ത വചനങ്ങളില്‍ ആ ദിവസം സംഭവിക്കുമ്പോഴുണ്ടാകുന്ന ഗൗരവമേറിയ ചില പ്രത്യാഘാതങ്ങളെക്കുറിച്ചു പറയുന്നു:-
🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681
Comments
Post a Comment