അൽഇൻസാൻ(07-10)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*76. അൽഇൻസാൻ (മനുഷ്യന്‍)*

*അൽഇൻസാൻ(07-10)*


*(07)يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمًا كَانَ شَرُّهُۥ مُسۡتَطِيرًا*
*(08)وَيُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِينًا وَيَتِيمًا وَأَسِيرًا*
*(09)إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءً وَلَا شُكُورًا*
*(10)إِنَّا نَخَافُ مِن رَّبِّنَا يَوۡمًا عَبُوسًا قَمۡطَرِيرًا*

*(07) നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന്‌ പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.*

*(08) ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും*

*(09) ( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.*

*(10) മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു*

📝 *തഫ്സീർ (വിശദീകരണം)*



👉 ആ പുണ്യവാന്മാർ അത്രയും അനുഗ്രഹീതരായിത്തീരുമാറു അവരിലുണ്ടായിരുന്ന ഗുണങ്ങൾ എന്തായിരുന്നുവെന്ന് അല്ലാഹു ചൂണ്ടിക്കാണിക്കുകയാണ്. തങ്ങളുടെമേൽ നിർബന്ധമായി കൽപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ കടമകളും, തങ്ങൾ ചെയ്തുകൊള്ളാമെന്നു സ്വയം പ്രതിജ്ഞ ചെയ്തതുമൂലം തങ്ങളുടെമേൽ നിർബന്ധമായിത്തീർന്ന മറ്റു കടമകളും ശരിക്കും നിറവേറ്റുക, ആപത്തു നിറഞ്ഞതായ ഖിയാമത്തു നാളിനെക്കുറിച്ചു സദാ ഭയമുള്ളവരായിത്തീരുക, സാധുക്കൾക്കും അനാഥകൾക്കും ബന്ധനസ്ഥരായ ആളുകൾക്കും അന്നദാനം ചെയ്യുക മുതലായവയത്രെ പ്രസ്തുത ഗുണങ്ങൾ. ചുരുക്കത്തിൽ, അല്ലാഹുവിനോടുള്ള കടപ്പാടുകളും, സഹജീവികളോടുള്ള കടപ്പാടുകളും അവർ നിർവഹിച്ചിരുന്നുവെന്നു പറയാം. ബന്ധനസ്ഥരായ ആളുകൾക്ക് അന്നദാനം ചെയ്യുന്നതിൽ മുസ്ലിംകളെന്നോ അമുസ്ലിംകളെന്നോ വ്യത്യാസം ഇല്ലാത്തതാണ്. ജയിലിലടക്കപെട്ടവരും, മറ്റുതരത്തിൽ ബന്ധിക്കപ്പെട്ടവരും അതിൽ ഉൾപ്പെടുകയും ചെയ്യും. ഇബ്നു അബ്ബാസ് (റ ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടതുപോലെ, ഖുർആൻ അവതരിച്ച കാലത്തുണ്ടായിരുന്ന ബന്ധനസ്ഥർ മിക്കവാറും മുശ്‌രിക്കുകൾ ആയിരുന്നുവെന്നു വ്യക്തമാണല്ലോ. ബദ്ർ യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരോടുപോലും നല്ലനിലക്കു പെരുമാറുവാൻ നബി (സ) കൽപ്പിച്ചിരുന്നതും, സഹാബികൾ അവരോടു അതിഥികൾ എന്നപോലെ പെരുമാറിയിരുന്നതും, അവർക്കു ഭക്ഷണം നൽകിയതിനുശേഷമല്ലാതെ തങ്ങൾ കഴിക്കാതിരുന്നതും സ്മരണീയമാകുന്നു.


 ധനത്തിനു ആവശ്യവും അതിനോട് പ്രേമവും ഉള്ളപ്പോൾ അതു ദാനധർമങ്ങളിൽ വിനിയോഗിക്കുന്നത് ഉടമസ്ഥന്റെ ത്യാഗമനസ്ഥിതിയും അല്ലാഹുവിങ്കൽനിന്നുള്ള പ്രതിഫലത്തിൽ അയാൾക്കുള്ള ആഗ്രഹവുമാണ് കാണിക്കുന്നത്. അതു ഭക്ഷണസാധനം കൂടിയാകുമ്പോൾ വിശേഷിച്ചും. അതുകൊണ്ടാണ് ഭക്ഷണ സാധനത്തിനോട് പ്രേമമുള്ളതോടെതന്നെ അവർ ഭക്ഷണം നൽകും ( وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِ ) എന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതും. പുണ്യകർമങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യേ

 وَءَاتَى ٱلْمَالَ عَلَىٰ حُبِّهِ (ധനത്തോട് പ്രേമമുള്ളതോടെ അതു നൽകുകയും) എന്നു സൂറത്തുൽ ബഖറഃ 177 ലും പ്രസ്താവിച്ചു കാണാം. സൂ:ആലുഇംറാൻ 92 ൽ, ‘നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്നു ചിലവഴിക്കാതെ നിങ്ങൾക്കു പുണ്യം ലഭിക്കുന്നതേയല്ല (لَن تَنَالُوا ٱلْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَۚ ) എന്നും പ്രസ്താവിച്ചിരിക്കുന്നു. ബുഖാരി (റ) ഉദ്ധരിച്ച ഒരു നബിവചനം ഇപ്രകാരമാകുന്നു. ‘ധർമത്തിൽ വെച്ച് ഏറ്റവും ശ്രേഷ്‌ഠമായതു ധനത്തിനു മോഹിച്ചും, ദാരിദ്ര്യത്തെ ഭയന്നും കൊണ്ടു നീ ആരോഗ്യവാനും അത്യാർത്തിയുള്ളവനുമായിരിക്കെ ചെയ്യുന്ന ധർമമാകുന്നു’. 


 കീർത്തിക്കും പേരിനും വേണ്ടിയോ, ആക്ഷേപങ്ങളിൽ നിന്നു രക്ഷപ്പെടുവാൻ വേണ്ടിയോ അല്ലെങ്കിൽ നിർബന്ധത്തിനു വഴങ്ങിയോ, അല്ലെങ്കിൽ ധർമം വാങ്ങുന്നവരിൽ നിന്നു എന്തെങ്കിലും പ്രതിഫലമോ നന്ദിപ്രകടനമോ പ്രതീക്ഷിച്ചുകൊണ്ടോ, മറ്റേതെങ്കിലും താല്പര്യത്തെ മുൻനിർത്തിയോ മനുഷ്യർ ദാനധർമങ്ങൾ ചെയ്യാറുണ്ട്. പക്ഷെ, സജ്ജനങ്ങൾ ചെയ്യുന്ന ദാനധർമങ്ങളുടെ ലക്ഷ്യം അതൊന്നും ആയിരിക്കയില്ല. അവരുടെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി ലഭിക്കലും, ഖിയാമത്തുനാളിലെ ഭീകര വിപത്തുകളിൽ നിന്നു രക്ഷപ്പെടലും മാത്രമായിരിക്കും. തങ്ങളുടെ പക്കൽനിന്നു ധർമം സ്വീകരിക്കുന്നവരിൽനിന്നു ഏതെങ്കിലും പ്രകാരത്തിലുള്ള ഒരു പ്രതിഫലം തങ്ങൾക്ക് കിട്ടിയാൽ കൊള്ളാമെന്നോ, അവർ തങ്ങളോട് നന്ദിയുള്ളവരായിരിക്കണമെന്നോ അവർക്കു ഉദ്ദേശ്യമുണ്ടായിരിക്കുകയില്ല. ഇതാണ് 9,10 വചനങ്ങളിൽ അവരുടെ വാക്കുകളിലൂടെത്തന്നെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്പോൾ, പാവങ്ങളുടെ നേരെയുള്ള അനുകമ്പയോ, പൊതുവിഷയങ്ങളിലുള്ള ഔൽസുക്യമോ കാരണമായി നല്ല വിഷയങ്ങളിൽ ധനം ചിലവഴിക്കുന്നതായാൽ തന്നെയും അല്ലാഹുവിങ്കൽ ശരിയായ പുണ്യകർമമായിത്തീരണമെങ്കിൽ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആയിരിക്കണം അതിന്റെ ലക്ഷ്യം എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. وإِنَّمَا لِكُلِّ امرئٍ مَا نَوَى (ഓരോ മനുഷ്യനും അവൻ എന്തുദ്ദേശിച്ചോ അതാണ് ഉണ്ടാവുക . ) എന്നാണല്ലോ നബിവചനം. 


 ഉപകാരം ചെയ്തവരോടു നന്ദികാണിക്കൽ മനുഷ്യന്റെ കടമയത്രെ.  لا يَشْكُرُ اللَّهَ مَنْ لا يَشْكُرُ النَّاسَ - ابوداود والترمذى (ജനങ്ങളോട് നന്ദികാണിക്കാത്തവൻ അല്ലാഹുവിനോടും നന്ദികാണിക്കുകയില്ല. (ദാ ;തി. ) പക്ഷെ, ഉപകാരം ചെയ്യുന്നവൻ അതു ഉന്നംവെച്ചുകൂടാ എന്നേയുള്ളു. അതുപോലെത്തന്നെ, ചെയ്ത ഉപകാരം എടുത്തു പറയുവാനും പാടില്ലാത്തതാകുന്നു. لَا تُبْطِلُوا صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ  - البقرة : ٢٦٤ (ചെയ്ത ഉപകാരം എടുത്തു പറഞ്ഞും ഉപദ്രവം ചെയ്തും നിങ്ങളുടെ ധർമങ്ങളെ നിങ്ങൾ വ്യർത്ഥമാക്കിക്കളയരുത്.) തങ്ങളുടെ പക്കൽനിന്നു അന്നദാനങ്ങൾ സ്വീകരിക്കുന്നവരെ അഭിമുഖീകരിച്ചു കൊണ്ടു സജ്ജനങ്ങൾ പറയുന്ന വാക്കുകളാണ് 9,10 വചനങ്ങളിൽ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. ദാനധർമങ്ങൾ ചെയ്യുന്നവർ അതുമൂലം അല്ലാഹുവിന്റെ പക്കൽനിന്നുള്ള പ്രതിഫലമല്ലാതെ, അവ വാങ്ങുന്നവരിൽനിന്നു യാതൊന്നുംതന്നെ പകരം ലഭിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്നു അവരോടു വ്യക്തമാക്കുന്നത്‌ നല്ലതാണെന്നുകൂടി ഇതിൽനിന്നു മനസ്സിലാകുന്നു. 

وﷲ اعلم
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚