അൽജിന്ന്(18-19)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*72. അൽജിന്ന് ( ജിന്ന് വര്‍ഗ്ഗം)*

*അൽജിന്ന്(18-19)*


*(18)وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدًا*
*(19)وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدًا*

*(18) പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കരുത്‌ എന്നും.*

*(19) അല്ലാഹുവിന്‍റെ ദാസന്‍ ( നബി ) അവനോട്‌ പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റു നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്‌ ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.*

📝 *തഫ്സീർ (വിശദീകരണം)*



👉 അല്ലാഹുവിനെ ആരാധിക്കുവാനും അവനോട് പ്രാർത്ഥന നടത്തുവാനുംവേണ്ടി അവന്‍റെ നാമത്തിൽ സ്ഥാപിക്കപ്പെടുന്നവയാണ് പള്ളികളാകുന്ന ആരാധനാസ്ഥലങ്ങൾ. ആരാധനയും പ്രാർത്ഥനയുമാകട്ടെ, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതുമാണ്. എന്നിരിക്കെ, അവിടെവെച്ച് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കുവാനോ വിളിച്ചു പ്രാർത്ഥിക്കുവാനോ മുതിരുന്നത് വമ്പിച്ച അക്രമവും അനീതിയും പാപവുമാകുന്നു. ബഹുദൈവാരാധകന്മാര്‍ അവരുടെ ആരാധനാസ്ഥലങ്ങളിൽ പല ദൈവങ്ങളെയും വിളിച്ചാരാധിക്കുന്നതുപോലെയും, വേദക്കാര്‍ അവരുടെ പള്ളികളിൽ ഈസാ നബി (അ) മുതലായവരെ വിളിച്ചാരാധിക്കുന്നതുപോലെയും പള്ളികളിൽവെച്ച് ചെയ്തുകൂടാ എന്നത്രെ 18-ആം വചനത്തിന്‍റെ സാരം. പള്ളികളിൽ ആർക്കുമാർക്കും പ്രത്യേക അവകാശം വാദിക്കാവതല്ലെന്നും, അല്ലാഹുവിന് മാത്രമാണ് അവയുടെ ഉടമാവകാശമെന്നും അവ മുസ്‌ലിംകൾ അവരുടെ പൊതുസ്ഥാപനമായി ഉപയോഗിക്കേണ്ടതാണെന്നും ഈ വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 


    ‘അല്ലാഹുവിന്‍റെ അടിയാൻ’ (عَبْدُ اللَّـهِ) എന്നു പറഞ്ഞതു നബി ﷺയെ ഉദ്ദേശിച്ചാകുന്നു. തിരുമേനിയുടെ അടുക്കൽ ജിന്നുകൾ ചെല്ലുമ്പോൾ അവിടുന്ന് സ്വഹാബികളൊന്നിച്ച് നമസ്കരിക്കുകയായിരുന്നു. നമസ്കാരകർമവും ഖുര്‍ആൻ പാരായണവും കണ്ടപ്പോൾ അവർ ആശ്ചര്യത്തോടും ആവേശത്തോടും കൂടി തിരക്കിട്ടു തിരുമേനിയുടെ ചുറ്റും ചെന്നു കൂടുകയായി. ഈ വിവരവും നബി ﷺക്ക് വഹ്‌യ് മൂലം അല്ലാഹു അറിയിച്ചു കൊടുത്തു എന്നാണ് 19-ആം വചനത്തിൽ പ്രസ്താവിക്കുന്നത്. ഈ വചനം ജിന്നുകൾ തങ്ങളുടെ ജനതയോട് ചെയ്ത പ്രസ്താവനകളിൽ ഉൾപ്പെട്ടതാണത്രെ വ്യാഖ്യാതാക്കളിൽ ഒരു പക്ഷത്തിന്‍റെ അഭിപ്രായം. അതിന്‍റെ താൽപര്യം രണ്ടു പ്രകാരത്തിൽ ആയിരിക്കുവാൻ സാധ്യതയുണ്ട്.


   (1) നബി ﷺ നമസ്കരിക്കുമ്പോൾ അവിടുത്തോടൊപ്പം സ്വഹാബികൾ സംഘം ചേർന്ന് നമസ്കരിക്കുന്നതും, റുകൂഅ്, സുജൂദ് മുതലായവയിൽ അനുകരിക്കുന്നതും കണ്ടപ്പോൾ അവർക്ക് ആശ്ചര്യം തോന്നി. അതു അവർ തങ്ങളുടെ ജനതക്കു വിവരിച്ചു കൊടുക്കുകയാണ്. 


   (2) നബി ﷺ തൗഹീദിലേക്ക് ക്ഷണിക്കുവാൻ തുടങ്ങിയപ്പോൾ ജിന്നുകളും മനുഷ്യരുമാകുന്ന ശത്രുക്കൾ തിരുമേനിക്കെതിരെ കൂട്ടംകൂടി തടസ്സങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. എങ്കിലും അല്ലാഹു തിരുമേനിയെ സഹായിക്കുകതന്നെ ചെയ്തുവെന്നു അവർ ആ ജനതക്കു വിവരിച്ചു കൊടുക്കുകയാണ്. الله اعلم

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚